‘കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍’; ഇപിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി; ആരോപണങ്ങള്‍ പാര്‍ട്ടി ഏറ്റുപിടിക്കേണ്ടതില്ലെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നതെന്നും, അതിനാല്‍ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഇ പി തന്നെ മറുപടി നല്‍കുമെന്നും അത്തരം ആരോപണങ്ങള്‍ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണെന്നും പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞ ഇപിയുടെ വാക്കുകള്‍ വിവാദമാക്കേണ്ടതില്ലെന്നും പറഞ്ഞ എംവി ഗോവിന്ദൻ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അതിനിടെ ഇന്നലെ ഇപിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ്. മത്സരത്തില്‍ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് കനത്ത രീതിയിലുള്ള പുറകോട്ട് പോക്ക് ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.