‘വിവാഹം ഇന്ത്യൻ പൗരന്മാര്‍ തമ്മില്‍ തന്നെ ആകണമെന്നില്ല, അതിര്‍ത്തി കടന്നും പ്രണയിക്കാം’: മദ്രാസ് ഹൈക്കോടതി

ചെന്നൈ: അതിർത്തി കടന്നും പ്രണയിക്കാമെന്നുള്ള പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മില്‍ തന്നെ ആകണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികള്‍ക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.

അതേസമയം, യുവതിക്ക് മുന്നില്‍ രണ്ട് വഴികള്‍ ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയില്‍ എത്തി 7 വർഷം ആകുമ്ബോള്‍ പൗരത്വത്തിന് അപേക്ഷ നല്‍കാം, പൗരത്വ നിയമത്തില്‍ ഇളവ് നല്‍കാനുള്ള സവിശേഷ അധികാരം കേന്ദ്രത്തിനുണ്ട്.

അല്ലെങ്കില്‍ ലങ്കൻ പാസ്പോർട്ട് പുതുക്കാം- തുടർന്ന് ഇന്ത്യൻ വിസയ്ക്ക് വീണ്ടും അപേക്ഷ നല്‍കാം.

ഏത് വഴി വേണമെങ്കിലും യുവതിക്ക് സ്വീകരിക്കാമെന്നും മാനുഷിക പരിഗണന വച്ച്‌ അധികൃതർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി അറിയിച്ചു.

2018ല്‍ ശ്രീലങ്കയില്‍ വച്ചാണ് അബ്ദുള്‍ ജബ്ബാറും, ഫാത്തിമ റിയാസയും വിവാഹിതരായത്. 2019ല്‍ ഫാത്തിമ ഇന്ത്യൻ വിസയില്‍ തമിഴ്നാട്ടില്‍ എത്തി.

ദമ്പതികള്‍ക്ക് രണ്ട് മക്കളും ജനിച്ചു. പിന്നീട് യുവതിയുടെ ലങ്കൻ പാസ്പോർട്ടിന്റെയും ഇന്ത്യൻ വിസയുടെയും കാലാവധി കഴിഞ്ഞു. ഇന്ത്യൻ പൗരത്വത്തിനായി യുവതി നല്‍കിയ അപേക്ഷ കേന്ദ്രം തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.