വയനാട് ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് സഹായം; ഭവന പദ്ധതി, വീട് നിർമ്മിക്കാനുള്ള സ്ഥലം രജിസ്ട്രേഷൻ ഈ മാസം 14ന്

വയനാട്: കോൺഗ്രസിന്റെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതി, വീട് നിർമ്മിക്കാനുള്ള സ്ഥലം രജിസ്ട്രേഷൻ ഈ മാസം 14നെന്ന് വയനാട് ഡി സി സി പ്രസിഡന്റ് ടി ജെ ഐസക്. മൂന്നേകാല്‍ ഏക്കറാണ് ആദ്യഘട്ടം എന്ന നിലയില്‍ രജിസ്റ്റർ ചെയ്യുന്നത്. ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ഉടൻ തന്നെയെന്ന് ഡിസിസി പ്രസിഡൻറ് ടി ജെ ഐസക്ക് വ്യക്തമാക്കി.

മേപ്പാടി പഞ്ചായത്തിലാണ് സ്ഥലം കണ്ടെത്തിയത്. നൂറു വീട് പണിയാൻ മൂന്നിടങ്ങളില്‍ ആയാണ് സ്ഥലം കണ്ടത്തിയത്. തോട്ടഭൂമി ആണോ എന്നത് ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സ്ഥലം രജിസ്റ്റർ ചെയ്യുന്നതെന്നും T J ഐസക്ക് പറഞ്ഞു.

 

 

 

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതർക്ക് കോണ്‍ഗ്രസ് നല്‍കുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികള്‍ അടുത്തയാഴ്ച അടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളില്‍ പ്ലാൻ അംഗീകരിച്ച്‌ നിർമാണം ആരംഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

 

 

 

ദുരന്തബാധിതരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയ പല കാര്യങ്ങളും തങ്ങള്‍ നടപ്പിലാക്കി എന്നും സതീശൻ അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധി ഇടപെട്ട് കർണാടക സർക്കാർ 100 വീടുകള്‍ക്ക് പണം കൈമാറി. ലീഗ് നല്‍കുന്ന 100 വീടുകളുടെ നിർമാണം നടക്കുകയാണ്. ബാക്കിയുള്ളത് ഇനി 200 വീടുകളാണ്. അടുത്തയാഴ്ച സ്ഥലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞാല്‍ പത്ത് ദിവസത്തിനുള്ളില്‍ പ്ലാൻ അംഗീകരിച്ച്‌ നിർമാണം ആരംഭിക്കും.

 

 

 

അപ്പോള്‍ 300 വീടായി. ആകെ 400 വീടുകളില്‍ 300 വീടുകളും യുഡിഎഫ് ആണ് നിർമിക്കുന്നത് എന്നും സതീശൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിരിച്ചെടുത്ത ഒരു കോടി രൂപ കെപിസിസിക്ക് അടുത്ത ദിവസം കൈമാറുമെന്നും സതീശൻ വ്യക്തമാക്കി. ഭൂമി കണ്ടെത്താനാകാത്തത് സർക്കാർ കാരണമാണെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് ഭൂമി കണ്ടെത്താൻ ഒരു വർഷം എടുത്തപ്പോള്‍ തങ്ങള്‍ക്ക് മൂന്ന് മാസമെടുക്കാൻ പാടില്ലേ എന്നും സതീശൻ ചോദിച്ചു.