കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന പ്രചാരണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്കി കോണ്‍ഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വർഗീസ്.
വ്യാജ സ്ക്രീൻ ഷോട്ടുകള്‍ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും നേരത്തെ ഡിജിപിക്ക് നല്കിയ പരാതി അന്വേഷിക്കണമെന്നും ദീപ്തി മേരി വർഗീസ് പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ സ്ക്രീൻഷോട്ടുകള്‍ ഉണ്ടാക്കി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
പരാതിയില്‍ അന്വേഷണം ദ്രുതഗതിയില്‍ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് നിർദേശം നല്‍കുകയും ചെയ്തുവെന്നും ദീപ്തി മേരി വർഗീസ് അറിയിച്ചു.
