കെ സുരേന്ദ്രന് വയനാട്ടില്‍ വൻ സ്വീകരണം; രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കുമെന്ന് സുരേന്ദ്രൻ

കല്‍പറ്റ: ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വയനാട്ടില്‍ വൻ സ്വീകരണം.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വൈകീട്ടോടെ കല്‍പ്പറ്റയില്‍ എത്തിയ സുരേന്ദ്രനെ ബിജെപി പ്രവർത്തകർ ഗംഭീരമായാണ് വരവേറ്റത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് സി കെ ജാനുവും സുരേന്ദ്രനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കാനാണ് താൻ വന്നിരിക്കുന്നതെന്നും സന്തോഷത്തോടെ രാഹുലിനെ വയനാട്ടില്‍ നിന്ന് തിരിച്ചയക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാഹുലിന്‍റെ ഭൂരിപക്ഷത്തെ പേടിയില്ല, അമേത്തി കോണ്‍ഗ്രസ് മണ്ഡലം ആയിരുന്നില്ലേ? ഇപ്പോള്‍ എന്തായി? വയനാടും അതുപോലെ ആകും, കഴിവുറ്റ നേതാവ് ആയിരുന്നിട്ടും രാഹുല്‍ ഗാന്ധി വയനാടിന് വേണ്ടി ഒന്നും ചെയ്തില്ല, കഴിവുള്ള ആളാണ് രാഹുല്‍, പക്ഷെ വയനാടിന് ഗുണം ചെയ്തില്ല, രാഹുല്‍ രാഷ്ട്രീയത്തെ സീരിയസ് കാണുന്ന ആളല്ല, താൻ സാധാരണക്കാരനാണ്, തനിക്ക് ഇന്നാട്ടിലെ പ്രശ്നം തിരിയും, കൃത്യമായ ധാരണ വയനാടിനെ കുറിച്ച്‌ തനിക്കുണ്ട്, രാത്രിയാത്ര നിരോധനം, ആരോഗ്യമേഖലയിലെ പ്രശ്നം, റോഡുകള്‍ ഇല്ലാത്ത പ്രയാസം, വന്യജീവി പ്രശ്നം എല്ലാം മൂന്നാം മോദി സർക്കാർ പരിഹരിക്കുമെന്നും സുരേന്ദ്രൻ.