കോട്ടയം: പകല്‍സമയത്തെ ചുട്ടുപൊള്ളുന്ന ചൂടില്‍ കിണറുകളും, തോടുകളും കുളങ്ങളും വറ്റി വരണ്ട് തുടങ്ങിയതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും കുടിവെള്ളക്ഷാമം.
ചില സ്ഥലങ്ങളില്‍ കുഴല്‍ക്കിണറുകള്‍ ഉള്ളതും മറ്റു കിണറുകളിലെ വെള്ളം വറ്റുന്നതിന് കാരണമാകുന്നു. കുന്നിൻ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് സാധാരണക്കാർ.
നാട്ടകം, കുന്നംപള്ളി, കൊല്ലാട്, ദിവാൻപുരം, വട്ടുകുന്ന്, പാക്കില്‍, കീഴ്ക്കുന്ന്, പാമ്പാടി, കറുകച്ചാല്‍, നെടുംകുന്നം, മറിയപ്പള്ളി, കുമരകം, തിരുവാർപ്പ്, കാഞ്ഞിരം, നാട്ടകം, ടൗണ്‍ ഏരിയ, ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകള്‍,കടുത്തുരുത്തി എന്നിവിടങ്ങളില്‍ ജനം ആശങ്കയിലാണ്.
വേനല്‍ച്ചൂട് കൂടുകയാണെങ്കില്‍ കൃഷിയിടങ്ങളിലേയ്ക്കും കൂടുതല്‍ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്നത് കർഷകർക്ക് മുന്നില്‍ ചോദ്യചിഹ്നമാകുകയാണ്.
