പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായെടുത്ത കുഴി മാസങ്ങള്‍ക്കിപ്പുറവും മൂടിയില്ല; വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്; കുഴി മൂടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതി

കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്.

കോഴിക്കോട് കാരശ്ശേരിയില്‍‌ ആണ് സംഭവം. സ്കൂട്ടർ യാത്രികരായ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്.

കറുത്തപറമ്പ് സ്വദേശികളായ അബ്ദുള്‍ ഗഫൂർ, സലീജ ബീഗം എന്നിവർക്കാണ് പരിക്കേറ്റത്. സലീജ ബീഗത്തിന്റെ കാലിന് പൊട്ടലുണ്ട്, അബ്ദുള്‍ ഗഫൂറിന്റെ താടിക്കും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത കുഴി മൂന്നുമാസം പിന്നിട്ടിട്ടും മൂടിയിരുന്നില്ല.

ഈ കുഴിയില്‍ വീണാണ് ഇരുവർക്കും പരിക്കേറ്റത്. കുഴി മൂടുന്നതില്‍ വാട്ടർ അതോറിറ്റി വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യം പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടാണ് സ്ഥലത്ത് വാട്ടർ അതോറിറ്റി കുഴിയെടുത്തത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞും ഈ കുഴി മൂടാൻ അധികൃതർ തയ്യാറായില്ല.

ഈ കുഴിയില്‍ ഇതാദ്യമായല്ല ആളുകള്‍ വീഴുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും. പലതവണ കുഴിമൂടാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ പരിഗണിച്ചല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ കുഴിയില്‍ കാല്‍നട യാത്രികരും കുട്ടികളും ഉള്‍പ്പെടെ കാല്‍തെറ്റി വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.