മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു അദ്ദേഹത്തിന്. എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ വിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയമായിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പികെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടര്‍ന്നാണ് 2005ലാണ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. അതിനു പുറമെ തന്റെ ഭരണകാലത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രായോഗികമാക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ഇന്ന് വൈകുന്നേരം 6 മണിക്ക് കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്‌കൂളിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ 9 മണിക്ക് ഭൗതിക ശരീരം വീട്ടില്‍ നിന്നും എടുക്കും. 10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ചാണ് ഖബറടക്കം.
