തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ വിഴിഞ്ഞം തുറമുഖം; പുതിയ റോഡുകളടക്കം കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികള്‍

തിരുവനന്തപുരം: കപ്പലടുപ്പിക്കാൻ തുറമുഖം ഒരുങ്ങിയതോടെ വിഴിഞ്ഞത്ത് മാത്രമല്ല തലസ്ഥാനത്തെ ആകെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികള്‍.

തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മാണം കൊങ്കണ്‍ റെയില്‍ കോര്‍പറേഷൻ ഏറ്റെടുത്ത് കഴിഞ്ഞു. ചരക്ക് നീക്കത്തിനും അനുബന്ധ വാണിജ്യ സാധ്യതകള്‍ക്കും അപ്പുറം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ സാധ്യത കൂടിയാണ് തെളിയുന്നത്.

ഏറെ വൈകിയെങ്കിലും ഒന്നാംഘട്ട കമ്മീഷനിംഗിന് വിഴിഞ്ഞത്ത് കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യ കപ്പല്‍ വവരവിന്‍റെ ആവേശത്തില്‍ രാവും പകലുമില്ലാതെ പണിനടക്കുകയാണ്. പടുകൂറ്റൻ മദര്‍ഷിപ്പുകളെത്തുമ്ബോള്‍ ചരക്ക് നീക്കത്തിന് ഒരുക്കേണ്ട അനുബന്ധ സൗകര്യങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്.

തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരത്തേക്ക് പണിയുന്നത് 10.7 കിലോമീറ്റര്‍ റെയില്‍ പാതയാണ്. ഇതില്‍ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. 1154 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്തും ബാലരാമപുരത്തും ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ മൂന്നോ നാലോ മാസത്തിനകം കൊങ്കണ്‍ റെയില്‍ കോര്‍പറേഷൻ പണി തുടങ്ങും.