രാജ്കോട്ട് : കേരളത്തിനായി ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മല്‍ 83 ബോളില്‍ സെഞ്ചുറി നേടി. മറ്റൊരു ഓപ്പണര്‍ കൃഷ്‌ണ പ്രസാദ് സെഞ്ചുറി പ്രതീക്ഷയിലാണ്. 30 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 180/0 എന്ന ശക്തമായ നിലയിലാണ് കേരളം. രോഹന്‍ 85 പന്തില്‍ 104 ഉം, പ്രസാദ് 95 പന്തില്‍ 77 ഉം, റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്.
ടോസ് നേടിയ മഹാരാഷ്‌ട്ര നായകന്‍ കേദാര്‍ ജാദവ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുള്ള പിച്ചില്‍ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറുകളില്‍ മികച്ച സ്വിങും മൂവ്‌മെന്‍റും മഹാരാഷ്‌ട്ര ബൗളര്‍മാര്‍ക്ക് ലഭിച്ചതോടെ ഇരുവരും പ്രതിരോധത്തിലേക്ക് വലിഞ്ഞു.
ഇതിന് ശേഷം ആദ്യം കൃഷ്‌ണ പ്രസാദാണ് അടി തുടങ്ങിയതെങ്കിലും രോഹന്‍ പിന്നാലെ ഗിയര്‍ മാറ്റി. അര്‍ധ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഡ്രൈവിംഗ് സീറ്റ് രോഹന്‍ ഏറ്റെടുത്തതോടെ കേരളം മേധാവിത്തം ഉറപ്പിച്ചു. സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ ക്രീസിലേക്ക് വരാനിരിക്കേ മികച്ച സ്കോറിലെത്താമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് ടീം.
