വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയുടെ എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കുമെന്നും വ്യവസായം പുനസ്ഥാപിക്കാൻ അമേരിക്കൻ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ കയ്യാമംവെച്ച് മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം പുറത്തുവിട്ട ശേഷമാണ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളെ കണ്ടത്. ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധകപ്പലിൽ എത്തിച്ചതെന്നും ട്രംപ് പറഞ്ഞു.
