വേമ്പനാട്ടുകായലിലെ പോള ശല്യം പരിഹരിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കും; തുലാവര്‍ഷ സമയത്തോടു കൂടി പോള ശല്യം അവസാനിപ്പിക്കാന്‍ ലക്ഷ്യം; സമിതി ഒരു മാസത്തിനകം പ്രശ്‌നം പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

കോട്ടയം: വേമ്പനാട്ടുകായലിലെ പോള ശല്യത്തിന് ശ്വാശ്വത പരിഹാരത്തിനായി സാങ്കേതികസമിതി രൂപീകരിക്കാന്‍ തീരുമാനം.

തുലാവര്‍ഷസമയത്തോടു കൂടി വേമ്പനാട്ടുകായലിലെയും ഉള്‍നാടന്‍ ജലാശയങ്ങളിലെയും പോളശല്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്താണ് പോള നീക്കത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാങ്കേതിക സമിതി രൂപീകരിക്കാന്‍ തീരുമാനമെടുത്തു. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവാണ് സാങ്കേതിക സമിതി അധ്യക്ഷ. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്താണ് സമിതി കണ്‍വീനര്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയന്‍ കെ. മേനോന്‍, തൊഴിലുറപ്പ് പദ്ധതി പ്രോജക്‌ട് ഓഫീസര്‍, മൈനര്‍-മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, എംജി യൂണിവേഴ്സിറ്റി എന്‍വയോണ്‍മെന്റ് സയന്‍സ് വിഭാഗം, പാമ്പാടി എന്‍ജിനിയറിംഗ് കോളജ്, ശാസ്ത്രസാഹിത്യപരിക്ഷത്ത് എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.