സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി സിപിഎം; തെരഞ്ഞെടുപ്പിന് ശേഷം ഭവനം കൈമാറും

തൃശൂർ: തൃശൂരില്‍ കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി നിവേദനം വാങ്ങാൻ വിസമ്മതിച്ച കൊച്ചുവേലായുധന്റെ ഭവന നിർമാണം പൂർത്തീകരിച്ച്‌ സിപിഎം.

75 ദിവസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. അവസാനഘട്ട പ്രവർത്തനങ്ങള്‍ പൂർത്തീകരിച്ച്‌ തെരഞ്ഞെടുപ്പിന് ശേഷം ഭവനം കൈമാറും.

സെപ്റ്റംബർ 13നാണ് പുള്ളില്‍ നടന്ന പരിപാടിക്കിടെ കൊച്ചുവേലായുധന്റെ നിവേദനം കേന്ദ്രമന്ത്രി സുരേഷ് ഗോപി വാങ്ങാതിരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ ഖാദർ ഇന്ന് വീട് സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് നിർമാണം പൂർത്തിയായതായി അറിയിച്ചത്.

നിർമാണം പൂർത്തിയായ വീടിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.