‘വി ഡി സതീശന്‍, ചതയം നക്ഷത്രം’; വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വി ഡി സതീശനായി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ.

കെ സി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ് ശത്രുസംഹാര പൂജ നടത്തിയത്. വി ഡി സതീശന്‍, ചതയം നക്ഷത്രം, ശത്രുസംഹാര പൂജ എന്നാണ് രസീതില്‍ എഴുതിയിരിക്കുന്നത്.

 

അതിനിടെ സതീശനായി ഇന്നും വിവിധയിടങ്ങളില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചു. കോട്ടയത്തും തൊടുപുഴയിലും കോഴിക്കോടുമാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്.

കോട്ടയം ഗാന്ധി സ്‌ക്വയറില്‍ വിഡിക്കായി രണ്ട് ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്. ഒന്നില്‍ ‘കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍ വി ഡി സതീശന്‍ കേരളം നയിക്കട്ടെ’ എന്നും രണ്ടാമത്തേതില്‍ ‘കേരളത്തിന്റെ കരുതലായി, വിളക്കായി വിഡി’ എന്നുമാണ് എഴുതിയിരിക്കുന്നത്.

തൊടുപുഴയില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ ‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു എഴുതിയിരുന്നത്. ഇടുക്കിയില്‍ നിന്നുള്ള അഞ്ച് യുഡിഎഫ് എംഎല്‍എമാരുടെ ചിത്രവും ഫ്‌ളക്‌സില്‍ ഉണ്ടായിരുന്നു. മിനി ലോറി വര്‍ക്കേഴ്‌സ് കാഞ്ഞിരമറ്റം ബൈപ്പാസ് ഐഎന്‍ടിയുസി എന്ന പേരിലായിരുന്നു ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

കോഴിക്കോട് കല്യാണ വീട്ടിലായിരുന്നു സതീശനായി ഫ്‌ളക്‌സ് സ്ഥാപിച്ചത്. പേരാമ്പ്രയിലായിരുന്നു സംഭവം. ‘പടനയിച്ചവന്‍ നാട് ഭരിക്കട്ടെ’ എന്നായിരുന്നു ഫ്‌ളക്‌സില്‍. ടീം യുഡിഎഫ് എന്ന പേരിലായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്.