സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദം; ആരോപണങ്ങളുമായി വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ പറഞ്ഞു. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത്. പവിത്രമായ ശബരിമലയില്‍ നടന്ന ഈ സ്വര്‍ണക്കൊളളയില്‍ ജനങ്ങള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. സ്വാഭാവിക ജാമ്യം നേടി പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നതോടെ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

തൊണ്ടിമുതല്‍ പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ പോലുമില്ലാതെ കേസ് മാഞ്ഞുപോകും. സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ അറസ്റ്റിലാകാതിരിക്കാനാണ് അന്വേഷണവും കുറ്റുപത്രവും വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. അന്വേഷണം മുന്നോട്ടുപോയാല്‍ സിപിഐഎം നേതാക്കള്‍ ജയിലിലാകുമെന്ന ഭയം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു ബാരിക്കേഡ് മറിച്ച് കടക്കുന്നത് പോലെയാണ് പല എംഎൽഎമാരും ഡയസിൽ കയറിയത്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്പീക്കറെ തെരുവിലിട്ട് അലക്കുന്നരീതി ശരിയല്ലെന്നും സ്പീക്കർ ആരോപിച്ചു. സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അവർ കണ്ണടച്ചാൽ അവർക്ക് മാത്രമാണ് ഇരുട്ടാകുന്നതെന്നും ലോകത്തിനാകെ ഇരുട്ടാകില്ലെന്നും പ്രതിപക്ഷവും പ്രതിപക്ഷ നേതാവും മനസിലാക്കണമെന്നും എം ബി രാജേഷ് വ്യക്തമാക്കി.