‘പൊതുമരാമത്ത് മന്ത്രി മിണ്ടുന്നില്ല’; മാസപ്പടിയിലെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

 

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ അന്വേഷണങ്ങള്‍ക്ക് സമാനമായി മാസപ്പടിയിലും സിപിഎം – ബിജെപി ധാരണ ഉണ്ടാകുമോയെന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി രജിസ്റ്റാര്‍ ഓഫ് കമ്ബനീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. ഇത് എല്ലാവരും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ബിജെപിക്ക് തൃശൂര്‍ സീറ്റ് ജയിക്കാനുള്ള സെറ്റില്‍മെന്‍റിന്‍റെ ഭാഗമായി കരുവന്നൂരിലെ ഇഡി അന്വേഷണം ഇഴയുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും കേന്ദ്ര ഏജൻസികള്‍ അന്വഷണത്തിന് വന്നിരുന്നു. അവസാനം അത് സിപിഎമ്മും ബിജെപിയും തമ്മിലുളള അവിഹിത രാഷ്ട്രീയ ബന്ധത്തിലാണ് അവസാനിച്ചതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.ഇത്രയും ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ഉണ്ടായിട്ടും സിപിഎം ചര്‍ച്ച ചെയ്തോ? സൂര്യനാണ് ചന്ദ്രനാണ് ദൈവത്തിന്‍റെ വരദാനമാണ് എന്നൊക്കെ പറയുന്ന മന്ത്രിമാര്‍ രാജകൊട്ടാരത്തിലെ വിദൂഷകരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.സിപിഎം നേതാക്കള്‍ ആരും മാസപ്പടി അന്വേഷണത്തോട് പ്രതികരിക്കുന്നില്ല.