ദൃശ്യം 3 യുമായി ക്ലാഷിനൊരുങ്ങി വാഴ 2; റിലീസ് തീയതി പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ അടുത്ത ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഏപ്രിൽ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വാഴ 2 പുറത്തിറങ്ങും. മോഹൻലാൽ ചിത്രമായ ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങുന്നത്. ഒരു വമ്പൻ ക്ലാഷ് തന്നെ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് വാഴ 2ൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്.

വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ്എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരങ്ങളെ അണിനിരത്തി 2024 ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു.