വന്ദേഭാരതിലെ സാമ്പാറില്‍ കീടം; പരാതിപ്പെട്ടപ്പോള്‍ ജീരകമെന്ന് ആദ്യം മറുപടി; പിന്നാലെ 50,000 രൂപ പിഴ ചുമത്തി റെയില്‍വേ

ചെന്നൈ: തിരുനെല്‍വേലി-ചെന്നൈ എഗ്മോർ വന്ദേഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ കീടങ്ങളെ കണ്ട സംഭവത്തില്‍ ദക്ഷിണ റെയില്‍വേ ക്ഷമാപണം നടത്തി.

ഭക്ഷണം വിതരണം ചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴചുമത്തി.
ശനിയാഴ്ച രാവിലെ വണ്ടി മധുര വിട്ടയുടൻ ഒരു യാത്രക്കാരനു നല്‍കിയ പ്രഭാത ഭക്ഷണത്തിനൊപ്പമുള്ള സാമ്പാറിലാണ് കീടങ്ങള്‍ കണ്ടത്. പരാതിപ്പെട്ടപ്പോള്‍ അത് കീടമല്ല, ജീരകമാണ് എന്ന മറുപടിയാണ് റെയില്‍വേ ആദ്യം നല്‍കിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടർന്ന് റെയില്‍വേയുടെ ചീഫ് കാറ്ററിങ് ഇൻസ്പെക്ടറും ചീഫ് കൊമേഴ്സ്യല്‍ ഇൻസ്പെക്ടറും നടത്തിയ പരിശോധനയിലാണ് കീടങ്ങളാണെന്ന് ഉറപ്പായതും ഖേദം പ്രകടിപ്പിച്ചതും.

വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ബൃന്ദാവൻ ഫുഡ് പ്രോഡക്‌ട്സിന്റെ തിരുനെല്‍വേലിയിലെ അടുക്കളയില്‍ നിന്ന് എത്തിച്ചതാണ് ഭക്ഷണമെന്ന് കണ്ടെത്തി. സാമ്പാർനിറച്ച പാത്രത്തിന്റെ മൂടിയിലാണ് കീടങ്ങളുണ്ടായിരുന്നതെന്നും പാചകം ചെയ്തതിനുശേഷമാണ് അവ കടന്നതെന്നും റെയില്‍വേ വിശദീകരിച്ചു.

ബൃന്ദാവൻ ഫുഡ് പ്രോഡക്‌ട്സിന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ നടപടികള്‍ പിന്നീടുണ്ടാവുമെന്നും റെയില്‍വേ അറിയിച്ചു. തീവണ്ടികളിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാൻ കർശന നടപടികളെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.