വാല്‍പ്പാറ വാഹനാപകടത്തില്‍ പരുക്കേറ്റ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസിനെ കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് മാറ്റും.
കോയമ്പത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്ന ഫായിസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുന്നത്. ഫായിസുമായി ആംബുലൻസ് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ടു. കോട്ടക്കല്‍ ചൂനൂർ സ്വദേശിയായ ഫായിസിനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് പെരിന്തല്‍മണ്ണയിലെക്ക് മാറ്റുന്നത്.
അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്കൂളിലെ ഡ്രൈവർ നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നൗഷാദിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. പരുക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ മരിച്ച ഷക്കീല ടീച്ചറുടെ മകളാണ് മസ്നീൻ. ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മസ്നീൻ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ നാലുദിവസമായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച ട്രാവലർ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.
പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങ് ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
