കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് തൊഴിലാളികൾ മരിച്ച സംഭവം; പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികള്‍. വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ തടസപ്പെടും. അപകടത്തിൽ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. അപകടത്തിൽ കോര്‍പ്പറേഷനതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

തകർന്നത് 1977 ൽ തുടങ്ങിയ കെട്ടിടമാണെന്നും 50 വർഷത്തെ പഴക്കമുണ്ടെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് എസ്‍കെ അബൂബക്കര്‍ പറഞ്ഞു. 1980 മുതൽ ഈ കെട്ടിടത്തിൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. മരിച്ചവർക്ക് നഷ്ട പരിഹാരവും പരിക്കേറ്റവരുടെ ചികിത്സ ചിലവും ഏറ്റെടുക്കണം അബൂബക്കര്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നുള്ള അപകടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അ‍ഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.