നെടുങ്കണ്ടത്ത് നിന്ന് വാങ്ങിയ സെക്കന്റ്ഹാന്റ് ഫോണിലൂടെ വന്ന ദുരിതം; സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഡൽഹി പോലീസിൻ്റെ പിടിയിലായി; ഒടുവില്‍ പ്രതി നിരപരാധിയാണെന്ന് പൊലീസ്

ഇടുക്കി: സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച്‌ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തയാള്‍ നിരപരാധിയാണെന്ന് പൊലീസ്.

കോടതിയില്‍ റിപ്പോർട്ട് നല്‍കിയതിന്റെ ആശ്വാസത്തിലാണ് ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ഷമീം. 35 ദിവസമാണ് ഷമീം തിഹാർ ജയിലില്‍ കഴിഞ്ഞത്. നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഷമീം ഇപ്പോഴും.

കഴിഞ്ഞ വർഷം നവംബർ 22നാണ് ഷമീമിനെ നെടുങ്കണ്ടത്തു നിന്നും ഡൽഹി പോലീസ് അറസ്റ്റു് ചെയ്തത്. ഡൽഹി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലായിരുന്നു അറസ്റ്റ്.

ഷമീമിന്റെ കൈവശം ഉള്ള വിദേശ ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ പണം ആവശ്യപ്പെട്ട് വിളിയ്ക്കുകയും വാട്‌സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തുവെന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്താണ് ദൃശ്യങ്ങള്‍ പകർത്തി ആദ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കേസില്‍ ഡൽഹി സ്വദേശി മാനവ് പഹാരിയ എന്നായളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെന്നൈ സ്വദേശിയായ ഷമീം ആറു വർഷമായി നെടുങ്കണ്ടത്താണ് താമസം. കഴിഞ്ഞ വർഷം നെടുങ്കണ്ടത്തു നിന്നും ഒരു സെക്കന്റ് ഹാൻഡ് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷമീം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നാണ് നിന്നാണ് സന്ദേശമെത്തിയതെന്ന് മൊബൈല്‍ കമ്പനി പൊലീസിന് കത്തു നല്‍കി. എന്നാല്‍ ഇത്തരത്തില്‍ സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന നിലപാടില്‍ ഷമീം ഉറച്ചു നിന്നതോടെ മൊബൈല്‍ ഫോണ്‍ ഫൊറൻസിക് പരിശോധനക്ക് അയച്ചു.