വൈക്കം ടി.വി പുരം ഗ്യാസ് ശ്മശാനത്തില്‍ നിന്നും 16 സിലണ്ടറുകള്‍ മോഷ്ടിച്ച് കള്ളന്മാര്‍; മോഷണം നടത്തിയത് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി; 75,000 രൂപയുടെ നഷ്ടം

കോട്ടയം: പുതുതായി നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തില്‍ നിന്നും കള്ളന്മാര്‍ 16 സിലണ്ടറുകള്‍ മോഷ്ടിച്ചു കൊണ്ടുപോയി.

വൈക്കം ടി.വി.പുരം പഞ്ചായത്തില്‍ ചേരിക്കല്‍ പുതിയതായി നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനു സമീപം മുറിയില്‍ സൂക്ഷിച്ചിരുന്ന സിലണ്ടറുകളാണ് മോഷണം പോയത്. മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്.

ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തിനായുള്ള, 19 കിലോ തൂക്കംവരുന്ന 16 കൊമേഴ്സ്യല്‍ സിലിന്‍ഡറാണ് മോഷണംപോയത്. ഏകദേശം 75,000 രൂപയുടെ നഷ്ടം
കണക്കാകുന്നു.

ഏപ്രില്‍ ഒന്നിനുശേഷമുള്ള ദിവസമാണ് മോഷണം നടത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം ഹരിതകര്‍മസേനാംഗങ്ങള്‍ സമീപത്തുള്ള എം.സി.എഫിന്റെ മുറി തുറക്കാനെത്തിയപ്പോള്‍ കതകിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടതോടെയാണ് മോഷണവിവരം അറിയുന്നത്.