വൈക്കം: ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായലിൽ 9 കിലോമീറ്റർ ദൂരം നീന്തിക്കടന്ന് പതിമൂന്നുകാരൻ. ഉദയനാപുരം അമ്പിലേഴത്തു വീട്ടിൽ സജീവ് കുമാറിന്റെയും സവിത സജീവിന്റെയും മകൻ പൂത്തോട്ട കെപിഎം വിഎച്ച്എസ്എസ് സ്കൂളിലെ 8–ാംക്ലാസ് വിദ്യാർത്ഥി എസ്.ദേവജിത്താണ് കായൽ നീന്തിക്കടന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽനിന്നു രാവിലെ 8.27ന് ആരംഭിച്ച് ഒരുമണിക്കൂർ 47 മിനിറ്റ് കൊണ്ട് വൈക്കം ബീച്ചിൽ നീന്തിക്കയറി. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയാണ് ലക്ഷ്യം. ഡോൾഫിൻ അക്വാടെക് ക്ലബ് പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 6 മാസം മൂവാറ്റുപുഴയാറ്റിൽ നീന്തി പരിശീലിച്ച അനുഭവസമ്പത്ത് കൈമുതലാക്കിയാണ് വേമ്പനാട്ടുകായൽ നീന്തിക്കയറിയത്.
ചേർത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം, നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. വൈക്കം ബീച്ചിൽ നടന്ന അനുമോദനസമ്മേളനം നഗരസഭാധ്യക്ഷ പ്രീത രാജ് ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ബിന്ദു ഷാജി, സിനി ആർട്ടിസ്റ്റ് ചെമ്പിൽ അശോകൻ, ചേർത്തല ഫയർ സ്റ്റേഷൻ ഓഫിസർ പി.വി.പ്രേംനാഥ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വൈക്കം ഫയർ ആൻഡ് സേഫ്റ്റി സ്റ്റേഷൻ ഓഫിസർ ടി.പ്രതാപ് കുമാർ, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ പിആർഒ ടി.ആർ.മോഹനൻ, ഷിഹാബ് കെ.സൈനു, പൂത്തോട്ട കെപിഎം വിഎച്ച്എസ്എസ് പ്രിൻസിപ്പൽ അനൂപ് സോമരാജൻ, ആൽവിൻ ജോർജ് അരയത്തേൽ, പി.ആർ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.
