ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചുവെന്ന ആക്ഷേപമാണ് ഇടത് വലത് മുന്നണികള്‍ ഉന്നയിക്കുന്നത്.
കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുമോ എന്ന മലയാളികളുടെ കാത്തിരിപ്പിന് വര്‍ഷങ്ങളുടെ നീളമുണ്ട്. ഓരോ ബഡ്ജറ്റിലും പ്രതീക്ഷയോടെ കാത്തിരിക്കുമെങ്കിലും നാളിതുവരെ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
എന്നാല്‍ സംസ്ഥാനത്ത് ഉറപ്പായും എയിംസ് സ്ഥാപിക്കുമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്നത് ഒരേയൊരു ജില്ലയെ മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയില്‍ എയിംസ് സ്ഥാപിക്കണം എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി സംസാരിച്ചുവെന്നും സുരേഷ്‌ഗോപി പറയുന്നു.
ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ ഇടപെടലാണ് ആലപ്പുഴയുടെ ആരോഗ്യരംഗം പിന്നോട്ട് പോയതെന്നും അദ്ദേഹം ആരോപിച്ചു.
