ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. ആറ് വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
പിന്നാലെ പൊലീസും ഡോഗ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ കുളത്തിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സുഹാന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുമേഷ് അച്യുതന്‍ ആരോപിച്ചിട്ടുണ്ട്.
