കാസർകോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് കാസർകോട് കുമ്പളയില്‍ തുടക്കം.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ‘ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യു ഡി എഫ്’ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.
സി പി എം വർഗീയ വാദികളുടെ കൈകളിലേക്ക് തീപന്തം എറിഞ്ഞു കൊടുക്കുന്നു എന്ന് പറഞ്ഞ സതീശൻ, വർഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു ഡി എഫിന് ബദല്‍ പദ്ധതികളുണ്ട്. പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വിവരിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സി പി എമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സതീശൻ ചോദിച്ചു.
