ചികിത്സയിലിരിക്കുന്ന ഗൃഹനാഥനെ ബാങ്കില്‍ വിളിച്ചു വരുത്തിയ ശേഷം വീട് ജപ്തി ചെയ്തു; വയോധിക അടക്കം രാത്രിയില്‍ പെരുവഴിയിലായി: മരുന്നുകളടക്കം വീടിനകത്തിട്ട് പൂട്ടി അര്‍ബന്‍ സഹകരണ ബാങ്ക് അധികൃതരുടെ ക്രൂരത

തിരുവനന്തപുരം: ഏണിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ഗൃഹനാഥനെയും ഭാര്യയെയും ബാങ്കില്‍ വിളിച്ചുവരുത്തിയ ശേഷം വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍.

നെടുമങ്ങാട് അര്‍ബന്‍ സഹകരണ ബാങ്ക് നിര്‍ധന കുടുംബത്തോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയത്. വീട് പൂട്ടി ബാങ്ക് അധികൃതര്‍ പോയതോടെ 85 വയസ്സുകാരി ഉള്‍പ്പെടെയുള്ള കുടുംബം രാത്രിയില്‍ പെരുവഴിയിലായി.

നിത്യേന കഴിക്കേണ്ട മരുന്നുകള്‍ അടക്കം വീടിനുള്ളില്‍ വെച്ച്‌ പൂട്ടിയാണ് ബാങ്ക് അധികൃതര്‍ മടങ്ങിയത്. കന്യാകുളങ്ങര ഇടവിളാകത്തു വീട്ടില്‍ വൈ.പ്രഭകുമാരിയും ഭര്‍ത്താവ് സജിമോനും മകനും 85 വയസ്സുള്ള അമ്മ യശോദയുമാണ് രാത്രി വീടിന് പുറത്തായത്.

വായ്പ കുടിശികയുടെ പേരില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് നെടുമങ്ങാട് അര്‍ബന്‍ സഹകരണ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. ഏണിയില്‍ നിന്നു വീണ് പരുക്കേറ്റ സജിമോന്റെയും യശോദയുടെയും മരുന്നുകളടക്കം വീട്ടിനകത്തായിരുന്നു. രാത്രി 12 മണിയോടെ വട്ടപ്പാറ പൊലീസെത്തി യശോദയെ സമീപത്തെ വീട്ടിലേക്കു മാറ്റി. പ്രഭകുമാരി പൊലീസില്‍ പരാതി നല്‍കി.