ഉന്നാവ് പീഡനക്കേസിലെ വിധിയിൽ പ്രതിഷേധവുമായി പാർലമെന്റിന് മുന്നിൽ വനിതകൾ. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് നീതി ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം. സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, അംഗിത ഭയാന, ഋതിക ഇഷ, കെസ്‍വിയ ഹാലിത് എന്നിവരാണു പ്രതിഷേധിക്കുന്നത്. രാജ്യത്തെ പെൺമക്കൾക്കു നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അൽപ്പസമയം മുമ്പ് ഇവർ പ്രതിഷേധം ആരംഭിച്ചത്.
പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്. 2017-ലാണു ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ബലാത്സംഗം ചെയ്തത്. കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ തന്നെ തുടരണമെന്നും അതിജീവിതയുടെ വീടിന് 5 കിലോമീറ്റർ ചുറ്റളവിൽ പോകുകയോ അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്യരുത് തുടങ്ങിയ കർശന ഉപാധികളോടെയാണു കുൽദീപിന് കോടതി ജാമ്യം അനുവദിച്ചത്. അതിനിടെ, ഡൽഹി ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡൽഹിയിൽ കയ്യേറ്റത്തിനിരയായെന്ന വാർത്തയും പുറത്തുവന്നിരുന്നു.
