പാലക്കാട്: ഉംറയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് മധ്യവയസ്കയില്‍ നിന്നും പണംതട്ടിയ യുവാവ് അറസ്റ്റില്‍.
കൊടക്കാട് ചക്കാലക്കുന്നൻ വീട്ടില്‍ മുഹമ്മദ് അസ്‌കർ അലി (36) ആണ് പിടിയിലായത്. അരലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കരിങ്കല്ലത്താണി സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് അസ്‌കർ അലിയെ നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
55,000 രൂപ തട്ടിയെടുത്തെന്നാണ് കരിങ്കല്ലത്താണി സ്വദേശിനിയുടെ പരാതി. കഴിഞ്ഞ ഒക്ടോബർ 16, 17 തീയതികളിലായി വിവിധ സമയങ്ങളില്‍ ആകെ 55,000 രൂപ നല്‍കിയതായി പറയുന്നു.
ഉംറയ്ക്ക് കൊണ്ടുപോയില്ലെന്നും നേരിട്ടും ഗൂഗിള്‍പേ വഴിയും കൈപ്പറ്റിയ പണം തിരികെനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നൂറോളം പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരകളായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അരക്കോടിയോളം രൂപ ഇത്തരത്തില്‍ പലരില്‍നിന്നായി തട്ടിയെടുത്തതായും പോലീസ് സംശയിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ അസ്കറിനെ റിമാൻഡ് ചെയ്തു.
