ഉളിക്കലിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണ്ണവും പണവും കവർന്നു; സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു; കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

ഉളിക്കല്‍ : നുച്യാട് പൂട്ടിയിട്ട വീടിന്‍റെ വാതില്‍ കുത്തിപ്പൊളിച്ച്‌ സ്വർണ്ണവും പണവും കവർന്നു. വിദേശത്തുള്ള കല്ലിപ്പീടികയില്‍ ബഷീറിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.

ബഷീറിന്‍റെ ഭാര്യയും മക്കളും വീടുപൂട്ടി രാവിലെ 11.30 ഓടെ സമീപത്തെ തറവാട്ട് വീട്ടില്‍ പോയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കിണറിനു സമീപമുള്ള വാതില്‍ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പറയിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണവും പണവും കവർന്നതായാണ് വീട്ടുകാർ പറയുന്നത്.

മോഷണം നടന്നുവെന്ന് മനസിലായ ഉടൻ വീട്ടുകാർ വീടുപൂട്ടി ഉളിക്കല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സിഐ അരുണ്‍ദാസ്, എസ്‌ഐ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് നായ “ലോല’ മണം പിടിച്ച്‌ വീടിനു പിന്നിലെ റോഡിലൂടെ അരകിലോമീറ്ററോളം ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം ഉർജിതമാക്കിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. വിരലടയാള വിദഗ്ധർ ഇന്ന് പരിശോധന നടത്തും.
അതിനുശേഷം അലമാരയുള്‍പ്പെടെ പരിശോധിച്ചാലെ എന്തെല്ലാമാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാകുകയുള്ളൂവെന്ന് വീട്ടുകാർ പറഞ്ഞു.