ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന യു.ജി.സി നെറ്റ് (UGC NET) ജൂണ്‍ 2026 പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
ജൂണ്‍ 22 മുതല്‍ ജൂണ്‍ 30 വരെ നടക്കുന്ന വിവിധ പരീക്ഷകള്‍ക്കുള്ള ഹാള്‍ ടിക്കറ്റുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ജൂണ്‍ 22, 23, 24, 25, 29, 30 എന്നീ തിയതികളിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) ദിവസേന രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുക.
പരീക്ഷാ സമയം
ഒന്നാം ഷിഫ്റ്റ്: രാവിലെ 9:00 മണി മുതല്‍ ഉച്ചയ്ക്ക് 12:00 മണി വരെ.
രണ്ടാം ഷിഫ്റ്റ്: ഉച്ചയ്ക്ക് ശേഷം 3:00 മണി മുതല്‍ വൈകുന്നേരം 6:00 മണി വരെ.
അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?
യു.ജി.സി നെറ്റിന്റെ ഔദ്യോഗിക പോർട്ടലായ ugcnet.nta.nic.in സന്ദർശിക്കുക.
ഹോംപേജിലെ ‘UGC NET Admit Card 2026’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും ജനന തിയതിയും (Date of Birth) നല്കി ലോഗിൻ ചെയ്യുക.
വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നതോടെ അഡ്മിറ്റ് കാർഡ് സ്ക്രീനില്‍ തെളിയും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ പേര്, ഫോട്ടോ, പരീക്ഷാ തിയതി, ഷിഫ്റ്റ് സമയം, പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം എന്നിവ കൃത്യമാണോ എന്ന് പരിശോധിക്കുക.
പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ടിനൊപ്പം സർക്കാർ അംഗീകൃതമായ ഏതെങ്കിലും ഒരു അസ്സല് ഫോട്ടോ ഐഡന്റിറ്റി കാർഡും (Aadhar, Driving License, Voter ID തുടങ്ങിയവ) നിർബന്ധമായും കയ്യില്‍ കരുതണം.
