കൊച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതി; ഹോട്ടല്‍ ഉടമക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയില്‍ ഹോട്ടല്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.

നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്.
കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി. യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് നേരത്തെ കേസെടുത്തിരുന്നു.

ഹോട്ടല്‍ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയില്‍ ആരോപിക്കുന്നത്.

അതേസമയം രാഹുല്‍ ഡി നായരുടെ മരണ കാരണം ഷവര്‍മ കഴിച്ചുള്ള വിഷബാധ തന്നെയാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ പരിശോധനാഫലം കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഇന്ന് പത്തനംതിട്ടയില്‍ ആവര്‍ത്തിച്ചു. മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകള്‍ പൂട്ടിക്കുമെന്നും പറഞ്ഞ മന്ത്രി, കൂടുതല്‍ നിയന്ത്രങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്നും വ്യക്തമാക്കി.