പാകിസ്താന് തിരിച്ചടി; സുപ്രധാന പദ്ധതി ഉപേക്ഷിച്ച് യുഎഇ: തീരുമാനം ഭരണാധികാരി ഇന്ത്യയിലെത്തിയതിന് പിന്നാലെ

ഇസ്ലാമാബാദ് ഇന്റർനാഷണൽ എയർപോർട്ടിന്‍റെ പ്രവർത്തന ചുമതല ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് യുഎഇ. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലുണ്ടായിരുന്ന വിമാനത്താവണ ഏറ്റെടുക്കല്‍ കരാർ ഇപ്പോൾ പൂർണമായും റദ്ദാക്കിയെന്നാണ് പാകിസ്താൻ മാധ്യമമായ ദ എക്സ്പ്രസ് ട്രിബ്യൂണല്‍ ഉള്‍പ്പടെ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെയാണ് യുഎഇയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം. യുഎഇയ്ക്ക് പദ്ധതിയിൽ താൽപര്യം നഷ്ടപ്പെട്ടതും പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതുമാണ് കരാർ റദ്ദാക്കാനുള്ള പ്രധാന കാരണമായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ സംഭവം യുഎഇ-പാകിസ്താൻ ബന്ധത്തിലെ വിള്ളലിന്റെ ഭാഗമായും കാണക്കാക്കപ്പെടുന്നു. യുഎഇയും സൗദി അറേബ്യയും തമ്മില്‍ യെമന്‍ വിഷയത്തില്‍ രൂപപ്പെട്ട ഭിന്നതയും യുഎഇയുടെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടികാട്ടുന്നത്.

പാകിസ്താൻ സൗദി അറേബ്യയുമായി പ്രതിരോധ കരാറുകളും ‘ഇസ്ലാമിക് നാറ്റോ’ പോലുള്ള സഖ്യാശയങ്ങൾക്കുള്ള ശ്രമങ്ങളും നടത്തുമ്പോൾ, യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ കരാറുകൾ ഒപ്പിട്ടിരിക്കുകയാണ്. പാകിസ്താന്റെ സൈനിക സാങ്കേതിക വൈദഗ്ധ്യം സൗദി അറേബ്യ ആവശ്യപ്പെടുമ്പോഴാണ് യുഎഇ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതും.