ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളനി’ൽ വിദ്യ ശേഖറായി ലിയോണ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളനി’ൽ ലിയോണ ലിഷോയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബിജു മേനോനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. സിനിമയുടെ ട്രെയിലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ വിദ്യ ശേഖർ എന്ന പോലീസ് കഥാപാത്രമായാണ് ലിയോണ എത്തുന്നത്. ചിത്രത്തിൽ ആന്‍റണി സേവ്യറായി ബിജു മേനോനും സാമുവൽ ജോസഫായി ജോജു ജോര്‍ജ്ജും പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.

‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.