തിരുവനന്തപുരം: മുൻ സെക്രട്ടേറിയറ്റ് അഡീഷണൽ സെക്രട്ടറി വി.എസ്.ശൈലജ (72 തലസ്ഥാനത്ത് മൂടാത്ത അഴുക്കുചാലിൽ വീണു ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഇടവക്കോട് പത്മ ഹോളോ ബ്രിക്സിന് സമീപത്തെ ഓടയിൽ വീണു.
ഒന്നര മീറ്ററിലധികം താഴ്ചയിലായിരുന്നു ഓട. രാവിലെയാണ് ഓടയിൽ ബോധരഹിതയായി കിടക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്.
മകളുടെ വീട്ടിലേക്ക് പോകവേ വഴിയില്‍ പട്ടിയെ കണ്ട് ഭയന്ന് വലത്തോട്ടുള്ള മുളവൂർ ലൈനിലേക്ക് നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച റോഡരികിലെ കുഴിയിൽ വീണതായി സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. വീഴ്ചയിൽ ഷൈലജ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്നു മരിച്ചു.
തിരുവനന്തപുരം തേക്കുംമൂട് കണ്ടത്തിങ്കല്‍ ടി.ആർ.എ- 66 എ വീട്ടില്‍ കേരള ആഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ റിട്ട.മാനേജർ സി.എസ്.സുശീലൻ പണിക്കരുടെ ഭാര്യയാണ് ശൈലജ. കല്ലംപള്ളി പ്രതിഭ നഗറില്‍ താമസിക്കുന്ന മകള്‍ ഡോ. അഞ്ജുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് തേക്കുംമൂട്ടിലെ വീട്ടില്‍ പൊതുദർശനത്തിന് വയ്ക്കും. ശവസംസ്കാരം രാവിലെ 10 ന് ശാന്തി കവാടത്തില്‍.
