ശബരിമലയില്‍ തിരക്ക് കൂടുന്നു; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അതേ ദിവസം തന്നെ ഉപയോഗിക്കണമെന്ന് പോലീസ്; സ്പോട്ട് ബുക്കിംഗ് പ്രതിദിനം 8500-ലധികം

ശബരിമല: വെർച്വല്‍ ക്യൂ സംവിധാനം വഴി ദർശനത്തിനായി ബുക്ക് ചെയ്ത തീർത്ഥാടകർ തങ്ങളുടെ ടോക്കണില്‍ രേഖപ്പെടുത്തിയ ദിവസം തന്നെ സന്നിധാനത്ത് എത്തണമെന്ന് സ്പെഷ്യല്‍ പോലീസ് ഓഫീസർ (എസ്.ഒ.) ആർ. ശ്രീകുമാർ നിർദ്ദേശിച്ചു.

നിശ്ചയിച്ച ദിവസത്തിലല്ലാതെ മറ്റൊരു ദിവസം ടോക്കണുമായി വരുന്നത് തിരക്ക് നിയന്ത്രിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്തെ തിരക്ക് പരിഗണിച്ചാണ് നിലയ്ക്കലില്‍ വെച്ച്‌ സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്.

സ്പെഷ്യല്‍ കമ്മീഷണറുമായി കൂടിയാലോചിച്ച ശേഷമാണ് 5000-ത്തില്‍ കൂടുതലുള്ള ബുക്കിംഗുകള്‍ നല്‍കുന്നത്. ദിവസേന ശരാശരി 8500 പേർക്ക് വരെ ഇത്തരത്തില്‍ സ്പോട്ട് ബുക്കിംഗ് അനുവദിക്കാറുണ്ട്.

ഡിസംബർ 2 ചൊവ്വാഴ്ച വൈകീട്ട് 3 മണി വരെ 8800 സ്പോട്ട് ബുക്കിംഗുകള്‍ നല്‍കി. നിലവില്‍ സന്നിധാനത്ത് 1590 പോലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്.

സ്വാമിമാർക്ക് സുഖകരമായ ദർശനം ഒരുക്കുകയാണ് കൂടുതല്‍ പോലീസ് വിന്യാസം കൊണ്ട് ലക്ഷ്യമിടുന്നതെന്നും എസ്.ഒ. കൂട്ടിച്ചേർത്തു.