തിരുവനന്തപുരം : വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍.
വെള്ളറടയില്‍ രണ്ടുമാസം മുമ്ബാണ് സംഭവം. ആനപ്പാറ സ്വദേശിയായ ഷോറൂം ഉടമയായ സണ്ണിയെ സാമ്ബത്തിക ഇടപാടിന്റെ വൈരാഗ്യത്തിലാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഈ സംഭവത്തില്‍ കള്ളിക്കാട്, നരകത്തിൻ കുഴി സ്വദേശിയായ മിഥുനെയാണ് (24) വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്
വെള്ളറട, ആനപ്പാറയില്‍ സണ്ണി എന്ന യുവാവ് പഴയ വാഹനങ്ങള്‍ വില്‍പ്പന നടത്തുന്ന ബൈക്ക് ഷോറൂം നടത്തിവന്നിരുന്നു. കൊവിഡ് സമയത്ത് മിഥുൻ ഷോറൂമിലെത്തി ബൈക്ക് വാങ്ങുന്നതിനായി കുറച്ചു തുക നല്‍കി.
ബാക്കി തുകയുമായി ഉടനെ എത്താമെന്ന് പറഞ്ഞ് മടങ്ങിപ്പോയിരുന്നു. മാസങ്ങള്‍ക്ക് ശേഷം സണ്ണി ബൈക്ക് ഷോറൂം അടച്ചുപൂട്ടി.
എന്നാല്‍ ബൈക്ക് വാങ്ങാനായി മിഥുൻ എത്തിയപ്പോഴാണ് ഷോറൂം നിർത്തലാക്കിയ വിവരമറിഞ്ഞത്. തുടർന്ന് സണ്ണിയുമായി ബന്ധപ്പെട്ടപ്പോള്‍ പകരം മറ്റൊരു ബൈക്ക് നല്‍കുകയായിരുന്നു. എന്നാല്‍ മിഥുന് ബാക്കി പണം കൊടുക്കാനുണ്ടായിരുന്നു.
വർഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തി പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലായെന്ന കാരണത്താലാണ് ഉടമയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനുശേഷം മിഥുൻ ഇടുക്കി, വയനാട്, കൊല്ലം എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയെന്നറിഞ്ഞ് വെള്ളറട പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
വെള്ളറട എസ്.ഐ റസല്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിഥുനെ പിടികൂടിയത് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
