കുമരകം: എട്ടാം വാർഡ് പൊങ്ങലക്കരിയിൽ ഇന്നലെ ഉച്ചമുതൽ വൈദ്യുതിയില്ല. പാലത്തിനു സമീപം സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറിലേക്കുള്ള കേബിളിൽ തീയും പുകയും ഉണ്ടായതിനെ തുടർന്നാണ് വൈദ്യുതി കണക്ഷൻ പോയത്.
പ്രദേശത്താകെ വൈദ്യുതി ഇല്ലാതായതോടെയാണ് ഫോർമറിൽ നിന്ന് പുക ‘ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉച്ചമുതൽ ഉപഭോക്താക്കൾ വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
വൈകുന്നേരം ബന്ധപ്പെട്ടപ്പോൾ രാത്രിയിൽ ബുദ്ധിമുട്ടാണെന്നും നാളെ നോക്കാമെന്നും മറുപടി പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് കാട്ടേഴത്തുകരി ട്രാൻസ്ഫാേർമർ കത്തിപ്പോയതാണ്. പകരം ട്രൻസ്ഫാേർ സ്ഥാപിച്ചില്ല.
കരീപാലത്തിന് സമീപമുള്ള ട്രൻസ്ഫോർമറിലേക്ക് കണക്ഷൻ മാറ്റി സ്ഥാപിച്ച് ഇരുട്ടുകൊണ്ട് ഓട്ട അടക്കുകയായിരുന്നെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതോടെ നിരന്തരം വൈദ്യുതി തകരാറിലാകുകയും വീടുകളിലെ വിലപിടിപ്പുള്ള വൈദ്യുതി ഉപകരണങ്ങൾ കേടാകുകയും ചെയ്യുന്നത് പതിവായി.
ചുറ്റുപാടും വെള്ളം പൊങ്ങിക്കിടക്കുന്നതിനാൽ വെെദുതി ഇല്ലാത്തത് അപകടങ്ങൾക്കും ഭയത്തിനും കാരണമായി മാറിയിരിക്കുകയാണ്. എത്രയും വേഗത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
