പാലക്കാട്: നിലമ്പൂർ – ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയില്‍വേ അധികൃതർ.
വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയില്‍വേ അധികൃതർ പറയുന്നത്. ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ചെയ്തുവെന്നാണ് വിവരം. ആയുർവേദ ഡോക്‌ടറായ ഗായത്രിയെ (25) ആണ് ട്രെയിനില്‍ പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം. ട്രെയിനില്‍ ബർത്തിലാണ് ഗായത്രി കിടന്നിരുന്നത്. വല്ലപ്പുഴ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ പാമ്പ് കടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഏറ്റവും മുന്നിലെ ജനറല്‍ കമ്പാർട്ട്‌മെന്റില്‍ യാത്ര ചെയ്‌തിരുന്ന ഗായത്രി പുറത്തിറങ്ങിയത്.
ബർത്തില്‍ പാമ്പുണ്ടെന്നും മറ്റ് യാത്രക്കാർ പാമ്പിനെ കണ്ടുവെന്നും യുവതി പറഞ്ഞു. ഇവരുടെ കാലില്‍ തുണികൊണ്ട് ചുറ്റിക്കെട്ടിയിട്ടുമുണ്ടായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് അവിടെ നിന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെത്തെ പരിശോധനയ്ക്ക് ശേഷം യുവതിയെ ഡിസ്‌ചാർജ് ചെയ്തു.
