കോഴിക്കോട്: ശുചിമുറി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് പതിവാക്കിയ യുവാക്കള്‍ പോലീസിന്റെ പിടിയില്‍.
ശുചിമുറി മാലിന്യം വൃത്തിയാക്കുന്ന ജോലി കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്ന തൊഴിലാളികളാണ് പിടിയിലായത്.
രാമനാട്ടുകര പുതുക്കുടി സ്വദേശി അജ്മല്‍ (26), ഫറോക്ക് കുന്നത്ത്‌മോട്ട സ്വദേശി അബ്ദുല്‍ മനാഫ് (38) എന്നിവരെയാണ് കുന്ദമംഗലം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ശുചിമുറി മാലിന്യം വണ്ടിയില്‍ കയറ്റി ജനവാസം കുറഞ്ഞ മേഖലകളില്‍ ഒഴുക്കി വിടുക പ്രതികളുടെ പതിവ് രീതിയെന്നാണ് പോലീസ് പറഞ്ഞത്.
സംഭവം പതിവായതോടെ പോലീസ് ഇവർക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഒടുവില്‍ കൊടുവള്ളിയില്‍ നിന്നും കൊണ്ടു വന്ന മാലിന്യം ഓടയില്‍ ഒഴുക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. കുന്ദമംഗലം കോട്ടംപറമ്പ് ചേരിഞ്ചാല്‍ റോഡിലുള്ള മനത്താനത്ത് താഴം ബസ് സ്റ്റോപ്പിനു സമീപം ഓവ് ചാലിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ സംഭവത്തിലാണ് ഇരുവരെയും പിടികൂടിയത്.
