വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം തുടക്കം; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിസ്മയയുടെ ദൈന്യ ഭാവത്തിലുള്ള പോസ്റ്ററിനു പിന്നിൽ ആശിഷ് ജോ ആൻ്റണിയേയും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിസ്മയയ്ക്ക് മുന്നിൽ മറ്റൊരു പുരുഷ കഥാപാത്രത്തെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അത് ആരാണെന്ന് പോസ്റ്ററിൽ വ്യക്തമല്ല. എന്നാൽ ആ കഥാപാത്രം മോഹൻലാൽ ആണെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രേക്ഷകർ പങ്കുവെക്കുന്നത്.

ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ ചിത്രത്തിന്റെ ഒരു അപ്ഡേഷൻ നടത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിൽ നടന്നു വരികയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു മോഹൻലാലിൻ്റെ മാതാവിൻ്റെ മരണം. അതേത്തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്.

ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയെന്നു മാത്രമാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പറഞ്ഞിട്ടുള്ളത്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.