ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറി ആട് 3; ഷാജി പാപ്പനും പിള്ളേരും റെക്കോർഡ് വിജയത്തിലേക്ക്

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിച്ച് മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്”. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്. മണിക്കൂറിൽ 20000ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റു പോകുന്ന നാലാമത്തെ മലയാള ചിത്രം എന്ന നേട്ടമാണ് ആട് 3 സ്വന്തമാക്കിയത്. 23000ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈഷോയിലൂടെ ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. എമ്പുരാൻ, തുടരും, ലോക എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ. ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കേരളാ ഓപ്പണിങ്, ആഗോള ഓപ്പണിങ് എന്നിവ നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികളും ആട് ഫ്രാൻഞ്ചൈസിന്റെ ആരാധകരും ചിത്രത്തെ വരവേൽക്കുന്നത്.

പ്രതീക്ഷിച്ചതിനും അപ്പുറം നിൽക്കുന്ന അമ്പരപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നത് എന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. ആദ്യാവസാനം നിറയുന്ന ചിരിക്കൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റി. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് കേരളത്തിൽ എക്സ്ട്രാ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.