തിരുവനന്തപുരം: തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട ‘സ്റ്റാമ്പർ അനീഷ്’ അറസ്റ്റിൽ. കരിപ്പൂർ വില്ലേജിൽ മുട്ടൽ മൂട് ഗവൺമെന്റ് ഹൈസ്കൂളിന് സമീപം കുഴിവള വീട്ടിൽ വിൽസൺ മകൻ സ്റ്റാമ്പർ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (32) ആണ് അറസ്റ്റിലായത്.
നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലെ പ്രതിയാണ് ഇയാൾ. പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് കൂലിതല്ല്, ബഹളം ഉണ്ടാക്കൽ, പൊതുസ്ഥലത്ത് അടിയുണ്ടാക്കൽ, സ്ത്രീകളെ ശല്യപ്പെടുത്തൽ, എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.
ഇയാൾ മുപ്പതോളം കേസിലെ പ്രതിയാണ്. നേരത്തെ അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. സെപ്തംബർ നാലാം തിയതി നെടുമങ്ങാട് സൂര്യ ബാറിന് മുൻവശം വെച്ച് നെടുമങ്ങാട് ഉമ്മൻ കോട് സ്വദേശിയായ സജീദിനോട് മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൊടുക്കാത്തത് കൊണ്ടുള്ള വിരോധത്തിൽ പണം പിടിച്ചു പറിച്ച കേസിലാണ് ഇയാൾ നിലവിൽ അറസ്റ്റിലായിട്ടുള്ളത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഇയാളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ.
