സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കവർച്ച ; രണ്ട് ദിവസത്തിനിടെ നടത്തിയത് മൂന്ന് മോഷണങ്ങൾ: ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് ചിതറിക്കിടക്കുന്ന നിലയില്‍ കറൻസി നോട്ടുകൾ; കള്ളനെ തേടി പൊലീസ്!!

സ്വന്തം ലേഖകൻ

കാസർഗോഡ്: ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന തുടർച്ചയായ മോഷണങ്ങളിൽ പ്രതിയെ തിരഞ്ഞ് പൊലീസ്. രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ കൃത്യമായി സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല.

പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച അർധരാത്രി കവർച്ച നടന്നത്. ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് കറൻസി നോട്ടുകൾ ചിതറികിടക്കുന്ന നിലയിലായിരുന്നു. 50,000 രൂപ നഷ്ടമായി.

ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്ന് അയ്യായിരം രൂപ നഷ്ടപ്പെട്ടു. പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. മങ്കിക്യാപ് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത് എന്ന് സിസിടിവിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ഇവിടെയുള്ള സപ്ലൈക്കോയിലും മോഷണം നടന്നിരുന്നു. മോഷണം തുടർച്ചയായതോടെ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.