കൂറുമാറാൻ കോഴ വാഗ്ദാനം: ആരോപണത്തില്‍ തോമസ് കെ തോമസിനെ പാര്‍ട്ടിയുടെ ക്ലീൻ ചിറ്റ്; വിവാദത്തിന് പിന്നില്‍ ആൻ്റണി രാജുവിന്റെ ഗൂഡാലോചനയെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍; മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം എൻസിപി വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: രണ്ട് ഇടത് എംഎല്‍എമാർക്ക് കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ തോമസ് കെ തോമസ് എംഎല്‍എക്ക് പാർട്ടിയുടെ ക്ലീൻചിറ്റ്.

വിവാദത്തിന് പിന്നില്‍ ആൻ്റണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് എൻസിപി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി.

പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തോമസ് കെ തോമസിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതോടെ മന്ത്രിസഭയിലേക്ക് തോമസ് കെ തോമസിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം എൻസിപി ശക്തമാക്കും. പാർട്ടി പ്രതിനിധിയായ എ കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.

ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോർട്ടിന്റെ പകർപ്പുമായി എ കെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും.