ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ ആത്മഹത്യ ഭീഷണിയുമായി വിദ്യാർത്ഥികള്‍.
ഇന്റേണല്‍ മാർക്ക് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീക്ഷണി.
പതിനഞ്ചോളം വിദ്യാർത്ഥികളാണ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നത്.
ഫയർ ഫോഴ്സും പൊലീസും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു. വിദ്യാർത്ഥിനികള്‍ അടക്കമുള്ളവരാണ് കെട്ടിടത്തിനു മുകളിലുള്ളത്.
മതിയായ യോഗ്യതയില്ലാതിരുന്നിട്ടും അധ്യാപകരുടെ ഇഷ്ടക്കാർക്ക് അധികമാർക്ക് നല്‍കിയെന്ന് കാട്ടി വിദ്യാർഥി സംഘടനകള്‍ എംജി യൂണിവേഴ്സിറ്റിയെ സമീപിച്ചു. പരാതിയില്‍ അന്വേഷണം നടക്കുന്നുവെന്നാണ് കോളജ് മാനേജ്മെന്റിന്റെ വിശദീകരണം.
എല്‍.എല്‍.ബി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്മെന്റിനെതിരെ വിദ്യാർഥികള്‍ രംഗത്തെത്തിയത്. 50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാർഥിക്ക് ഇന്റേണല്‍ മാർക്ക് മുഴുവൻ നല്കി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. അധ്യാപകരുടെ ഇഷ്ടക്കാർക്കായാണ് അട്ടിമറി നടത്തിയതെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികള്‍ കോളേജ് ഉപരോധിച്ചു.
