കുറുവ സംഘം കോട്ടയത്തും എത്തിയിരുന്നു; തമ്പടിച്ചത് കാഞ്ഞിരപ്പള്ളിയില്‍; ജൂണ്‍ ആദ്യവാരം മോഷണക്കേസിൽ ജില്ലാ പൊലീസിൻ്റെ പിടിയിൽ

കോട്ടയം: ആലപ്പുഴ പൊലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് ശെല്‍വനെ ജൂണ്‍ ആദ്യവാരം ജില്ല പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

രാമപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തിയാണ് പൊലീസ് സംഘം ഇയാളടക്കം രണ്ടുപേരെ പിടികൂടിയത്. രാമപുരം പുതുവേലിയില്‍ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്ന വയോധികയുടെ 14 ഗ്രാം വരുന്ന 70,000 രൂപ വിലവരുന്ന വളകള്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചെടുത്തതാണ് കേസ്.

ആദ്യഘട്ടത്തില്‍ യാതൊരു തെളിവും കിട്ടാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് ജില്ലയിലെത്തി പല ഭാഗങ്ങളിലായി പല തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്ന ആളുകളാണ് മോഷണത്തില്‍ പിന്നിലെന്ന് പിന്നീട് മനസ്സിലായി.

അവരില്‍ രണ്ടുപേരെ തമിഴ്നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതോടെ മോഷണസംഘം തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ചിന്നമന്നൂരിനടുത്ത് കാമാച്ചിപുരം എന്ന ഗ്രാമത്തില്‍ നിന്ന് വന്നവരാണെന്ന് വ്യക്തമായി.

മുന്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്, പാലാ ഡിവൈ.എസ്.പി കെ. സദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
തുടര്‍ന്ന് ചിന്നമന്നൂരില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാമാക്ഷിപുരത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ തിരുട്ടുഗ്രാമത്തിലേക്ക് കടന്നിരുന്നു. ഇവിടെയെത്തി പിടികൂടുക എളുപ്പമല്ലാത്തതിനാല്‍ പൊലീസ് വേഷം മാറി ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

സന്തോഷ് തിരുട്ടുഗ്രാമത്തിന് പുറത്ത് ബിവറേജസ് ഷോപ്പിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്. ഉടന്‍ ഇയാളുമായി കോട്ടയത്തേക്കു മടങ്ങി. അന്നുതന്നെ വന്‍ സന്നാഹവുമായി തമിഴ്‌നാട്ടിലേക്കു തിരിച്ചു.