നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും അതിന് പിന്നില്‍ സിപിഐഎം ആണെന്നും വിഡി സതീശന്‍ പറഞ്ഞു. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഐഎം തരംതാഴ്ന്ന കളി കളിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ സുധാകരന്റെ പ്രസ്താവന സ്‌നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വാക്ക് പാലിക്കുന്നയാളാണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനല്ലേ അറിയുകയുള്ളു എന്നും വിഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ഉണ്ടായപ്പോള്‍ പോലും എനിക്ക് പറവൂരുകാര്‍ ഭൂരിപക്ഷം കൂട്ടിത്തന്നിട്ടുണ്ട്. ആരും സുരക്ഷിതനല്ലല്ലോ. എല്ലാം ജനങ്ങളുടെ കൈയിലല്ലേ. ഞാന്‍ ഒരു എതിരാളിയേയും നിസാരനായി കാണുന്നില്ല. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരും. ഒരു സമയത്തും ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. ഇരട്ടത്താപ്പിന്റെ ആള്‍ രൂപമല്ലേ മുഖ്യമന്ത്രി. ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത് കേരളം കണ്ട ഏറ്റവും മോശം ഗവണ്‍മെന്റാണെന്നും വിഡി സതീശൻ ആരോപിച്ചു.
