ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഗുരുതര ആചാര ലംഘനം ; ഏകാദശി ദിവസം തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാര്‍ത്തുന്ന ചടങ്ങ് ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി മുടങ്ങി.

തിരുവനന്തപുരം : പത്മനാഭസ്വാമി കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ പ്രാധാന്യമുള്ളത് തിരുവമ്ബാടി കൃഷ്ണനും നരസിംഹ സ്വാമിക്കുമാണ്. കളഭവും കലശവും ഇല്ലാത്ത ഏകാദശികള്‍ക്കാണ് തിരുവമ്ബാടി കൃഷ്ണന് ചന്ദനത്തില്‍ മോഹിനീ അലങ്കാരം ചാര്‍ത്തുന്നത്.

ആവശ്യത്തിന് ചന്ദനം ഇല്ലാതിരുന്നതാണ് ചടങ്ങ് മുടങ്ങാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമായ ചന്ദനം അരയ്‌ക്കേണ്ടത് കീഴ്‌ശാന്തിമാരാണ്. ഇതിന് അവരെ ചുമതലപ്പെടുത്തുന്നത് മേല്‍ശാന്തിമാരായ നമ്ബിമാരാണ്. കാലങ്ങളായി ക്ഷേത്രത്തില്‍ ചന്ദനം അരയ്ക്കുന്നത് യന്ത്രമുപയോഗിച്ചാണ്.

എന്നാല്‍ ഏകാദശീ ദിനത്തിന് തൊട്ടുമുമ്ബ് യന്ത്രം സര്‍വീസ് ചെയ്യാനായി മാറ്റി. അതിനാല്‍ തന്നെ ചന്ദനം കണക്കുകൂട്ടി നേരത്തേ അരച്ചു സൂക്ഷിച്ചു. എന്നാല്‍ അത് ആവശ്യമായ അളവില്‍ ഉണ്ടായിരുന്നില്ല.മോഹിനീ അലങ്കാരം ചാര്‍ത്താനുളള അളവില്‍ ചന്ദനം സൂക്ഷിച്ചിട്ടില്ല എന്ന് മനസിലാക്കിയിട്ടും ഇക്കാര്യം നമ്ബിമാരെ അറിയിക്കാനോ കൈകൊണ്ട് ചന്ദനം അരച്ചെടുക്കാനുളള നടപടി സ്വീകരിക്കാനോ കീഴ്‌ശാന്തിമാര്‍ തയ്യാറായില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

തിരുവമ്ബാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാര്‍ത്തുന്ന ചടങ്ങ് ദര്‍ശിക്കാൻ വൻ ഭക്തജനക്കൂട്ടമാണ് എല്ലാ പ്രാവശ്യവും ക്ഷേത്രത്തില്‍ എത്തുന്നത്. ഇത്തവണ എത്തിയ ഭക്തര്‍ നിരാശയോടെ മടങ്ങിപ്പോയി. ആചാരലംഘനം നടന്നതില്‍ ഭക്തര്‍ കടുത്ത നിരാശയിലും അമര്‍ഷത്തിലുമാണ്. നടന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാൻ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭക്തര്‍ ആവശ്യപ്പെട്ടു.