കോട്ടയം ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിലെ റാ​ഗിങ്: ജൂനിയർ വിദ്യാർത്ഥികളെ സീനിയേഴ്സ് മദ്യം കഴിക്കാൻ നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ ബലമായി വായിൽ ഒഴിച്ചുകൊടുത്തു; റാഗിങ്ങിന്റെ 8 വീഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു; കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കും

കോട്ടയം: ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ജൂനിയർ വിദ്യാർത്ഥികളെ സീനിയേഴ്സ് മദ്യം കഴിക്കാൻ നിർബന്ധിച്ചെന്നും കഴി‍ക്കാൻ വിസമ്മതിച്ചപ്പോൾ ബലമായി വായിൽ ഒഴിച്ചുകൊടുത്തെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മലപ്പുറം സ്വദേശി കെ.പി.രാഹുൽ രാജ് ഉൾപ്പെടെ കേസിൽ 5 പ്രതികളാണുള്ളത്.

കൂടുതൽ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റാഗിങ്ങിന്റെ 8 വീഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. റാഗിങ്ങിന് ഉപയോഗിച്ച ആയുധങ്ങളും ഹോസ്റ്റൽ മുറിയിൽ നിന്നു കണ്ടെടുത്തു. കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കും.

രണ്ടുദിവസത്തെ കസ്റ്റഡി പൂർത്തിയായതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കോളജ് ഹോസ്റ്റൽ അധികൃതർക്കു വീഴ്ച സംഭവിച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി അടുത്ത ദിവസം തന്നെ വിശദമായ റിപ്പോർട്ട് ഡിജിപിക്കു കൈമാറും. ‌